Friday, 21 August 2015

salads

പാചകറാണികളല്ലാത്തവര്‍ക്കും അഞ്ചുമിനിറ്റിനുള്ളില്‍ രുചികരമായ സാലഡ് ഉണ്ടാക്കാം. ഏതുതരം പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് നമുക്ക് ഇഷ്ടമുള്ള രുചികളില്‍ സാലഡ് തയ്യാറാക്കാം. ചേരുവ കൂടുംതോറും ഗുണവും രുചിയും കൂടും. ഇതാ ചില സാലഡ് രുചികള്‍.....
ഫ്രഷ് സാലഡ്
പുഴുങ്ങിയ ഉരുളക്കിഴങ്ങ്, വെള്ളരി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഇതില്‍ മുളപ്പിച്ച പയര്‍, അനാര്‍ എന്നിവ ചേര്‍ക്കുക. നാരങ്ങാനീരും ഉപ്പും മല്ലിയിലയും ചേര്‍ത്ത് വിളമ്പാം. ഇഷ്ടാനുസരണം ഒരു പച്ചമുളകും ചേര്‍ക്കാം.
വെജിറ്റബിള്‍ സാലഡ്
കാബേജ്, സവാള, വെള്ളരി, കാരറ്റ്, റാഡിഷ്, തക്കാളി, പേരയ്ക്ക, ആപ്പിള്‍ ഇവ ചെറുതായി അരിയുക. ഇതില്‍ രണ്ടു സ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
പാവയ്ക്കാ സാലഡ്
പാവയ്ക്കാ രണ്ടായി നെടുകെ കീറി അതിന്റെ കുരു കളഞ്ഞു അരിഞ്ഞെടുക്കുക. സവാള, തക്കാളി, പച്ചമുളക് മല്ലിയില എന്നിവ ചെറുതായി അരിയുക. അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ഏകദേശം ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരുക. ഒരു ബൗളില്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചെറുതായി അരിഞ്ഞ തക്കാളി,പച്ചമുളക്, മല്ലിയില എന്നിവയും നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക. ഇതിലേക്ക് വറുത്തുകോരിയ പാവയ്ക്ക ചേര്‍ത്ത് നന്നായി ഇളക്കുക. പാവയ്ക്കാ സാലഡ് റെഡി...
ഫ്രൂട്ട് സാലഡ്
ചെറുപഴം, ആപ്പിള്‍, മാമ്പഴം, മുന്തിരി, അനാര്‍, ചെറി, പേരയ്ക്ക എന്നിവ ചെറുതായി മുറിച്ച് നാരങ്ങാനീര് പുരട്ടുക. അരകപ്പ് പഞ്ചസാരയില്‍ കുറച്ചുവെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. തണുത്തു കഴിയുമ്പോള്‍ അരിഞ്ഞുവെച്ച പഴങ്ങളില്‍ ചേര്‍ത്തിളക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വിളമ്പാം.

1 comment: