Thursday, 21 November 2013

തേങ്ങ ബർഫി (Coconut Burfi)

 തേങ്ങ ബർഫി (Coconut Burfi) തേങ്ങയും പഞ്ചസാരയും ചേർന്നൊരു മധുരമാവാം ഇത്തവണ. ഈ ബർഫി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഒരുപാട് ചേരുവകളൊന്നും ആവശ്യമില്ലതാനും. ആവശ്യമുള്ള സാധനങ്ങൾ: തേങ്ങ ചിരകിയത്: 2 കപ്പ് പഞ്ചസാര - ഒന്നര കപ്പ് ഏലയ്ക്കാപ്പൊടി അണ്ടിപ്പരിപ്പ് (നിർബന്ധമില്ല) ഉണ്ടാക്കുന്ന വിധം: അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തുവയ്ക്കുക. തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ഇതിൽ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്തിളക്കിയശേഷം അടുപ്പത്തുവയ്ക്കുക. പഞ്ചസാര അലിയാൻ തുടങ്ങുന്നു: തുടർച്ചയായി ഇളക്കണം. കുറച്ചുകഴിയുമ്പോൾ മിശ്രിതം സോപ്പുപോലെ പതയാനും, വശങ്ങളിൽ നിന്ന് വിട്ടുപോരാനും തുടങ്ങും. അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങുക മിശ്രിതം ഉടനെതന്നെ നെയ്/എണ്ണമയം പുരട്ടിവച്ചിരിക്കുന്ന ട്രേ/കിണ്ണത്തിലേക്ക് ഒഴിക്കുക. അടിഭാഗം പരന്ന,കട്ടിയുള്ള ഒരു സ്പൂൺകൊണ്ട് മിശ്രിതം നന്നായി തട്ടി നിരപ്പാക്കുക. (സ്പൂണിൽ എണ്ണമയം പുരട്ടണം) കഷ്ണങ്ങളാക്കാനായി, ചൂടാറുന്നതിനുമുമ്പുതന്നെ വരഞ്ഞുവയ്ക്കുക. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാം. ചൂടാറിയശേഷം കഷ്ണങ്ങളായി അടർത്തിയെടുക്കാം. (ഞാനെടുത്ത തേങ്ങ ചിരകിയതിൽ, ചിരട്ടയോടു ചേർന്ന ബ്രൗൺ നിറമുള്ള തേങ്ങയും ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ ബർഫിയ്ക്ക് ലേശമൊരു ചുവപ്പുരാശിയുണ്ട്. ഇപ്പറഞ്ഞത് ഒഴിവാക്കുകയാണെങ്കിൽ ബർഫി നല്ല വെളുവെളാന്ന് വെളുത്തിരിക്കും).

No comments:

Post a Comment