Wednesday, 26 June 2013

പക്കുവട

പക്കുവട

ആവശ്യമുള്ള സാധനങ്ങൾ:

വറുക്കാത്ത അരിപ്പൊടി - 4 ഗ്ലാസ്.
കടലമാവ് - 1 ഗ്ലാസ്
വെണ്ണ/ഡാൽഡ - 1 ടേബിൾ സ്പൂൺ.
മുളകുപൊടി, കായം, ഉപ്പ്, വെള്ളം - അവശ്യത്തിന്.
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളത്.

ഉണ്ടാക്കുന്ന വിധം:

സേവനാഴി പക്കുവടയ്ക്കുള്ള അച്ച് (ചില്ല് എന്നാണ് വീട്ടിൽ പറയുന്നത്) ഇട്ട് തയ്യാറാക്കി വയ്ക്കുക. അച്ചിലെ ദ്വാരങ്ങൾ വീതി കൂടുതലുള്ളവയാണെങ്കിൽ പക്കുവട വീതിയിൽ, കാണാൻ നല്ല ഭംഗിയുള്ളതാവും.

അരിപ്പൊടി, കടലമാവ്, മുളകുപൊടി, കായം, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചതിനുശേഷം അതിൽ വെണ്ണ ഉരുക്കിയത് കുറേശ്ശെ ചേർത്ത് (പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ) കട്ടയില്ലാതെ യോജിപ്പിക്കുക. പിന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ച മാവ് സേവനാഴിയിലിട്ട് തിളയ്ക്കുന്ന വെളിച്ചെണ്ണയിലേയ്ക്ക് വട്ടത്തിൽ പിഴിയുക. ഈ സമയത്ത് ചൂടുള്ള ആവിയടിച്ച് കൈ പൊള്ളാൻ സാധ്യതയേറെയാണ്. ഈ വെപ്രാളത്തിൽ സേവനാഴി കയ്യിൽനിന്ന് വിട്ട് നേരെ എണ്ണയിലേയ്ക്ക് വീണെന്നും വരാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, പിഴിയുന്നതിനോടൊപ്പം കയ്യിലേക്ക് നന്നായി ഊതി ആവിയുടെ ദിശ മാറ്റിക്കൊണ്ടിരിക്കണം.

തിരിച്ചും മറിച്ചുമിട്ട് രണ്ടുവശവും ഒരുപോലെ മൂപ്പിച്ചശേഷം കോരിയെടുക്കുക. ഒരു ന്യൂസ്‌പേപ്പറിലേയ്കോ, ടിഷ്യൂപേപ്പറിലേയ്ക്കോ ഇടുന്നത് അധികമുള്ള എണ്ണ വലിച്ചെടുക്കാൻ സഹായിക്കും.

ചൂടാറിയശേഷം ചെറിയ കഷ്ണങ്ങളായി ഒടിച്ചെടുക്കുക, കറുമുറാന്നങ്ങ് കഴിയ്ക്കുക. അത്രതന്നെ..!!!

No comments:

Post a Comment