Monday 17 June 2013

ഉരുളക്കിഴങ്ങ് പാലക്ക് കറി
ഉരുളക്കിഴങ്ങ് - നാലെണ്ണം തോലുകളഞ്ഞ് ചെറുതാക്കി മുറിച്ച് പുഴുങ്ങുക. അപ്പാടെ പുഴുങ്ങിയാൽ അധികം വേവാനും എല്ലാ ഭാഗങ്ങളും ഒരുപോലെ ആവാതെയിരിക്കാനും സാദ്ധ്യതയുണ്ട്.

പാലക് - ഒരു കെട്ട്. ചിത്രത്തിൽ ഉള്ളത്രേം. ഒന്ന് കഴുകിവൃത്തിയാക്കി, ചൂടുള്ള വെള്ളത്തിൽ ഒരുമിനുട്ട് മുക്കിവെച്ച് എടുത്ത് വീണ്ടും പച്ചവെള്ളത്തിൽ കഴുകി തണ്ടൊക്കെ കളഞ്ഞ് അരയ്ക്കണം. ചൂടുവെള്ളത്തിൽ കൂടുതൽ സമയം മുക്കിയിട്ടാൽ പാലക് അരച്ചാൽ അതിന്റെ നിറം പച്ചയായിരിക്കില്ല. അതുകൊണ്ട് പെട്ടെന്ന് ചെയ്യുക.

ഇഞ്ചി, കറുവാപ്പട്ട എന്നിവ വളരെച്ചെറിയ കഷണം. രണ്ട് കുഞ്ഞുവെളുത്തുള്ളിയല്ലിയുടെ വലുപ്പം മതി. രണ്ടും അധികമായാൽ എരിവ് കൂടും.
ഗ്രാമ്പൂ - രണ്ടെണ്ണം.
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - ചെറിയ അല്ലി എട്ടെണ്ണം.
എല്ലാം കൂടെ ചതച്ചെടുക്കുക.

പച്ചമുളക് - രണ്ടെണ്ണം വട്ടത്തിലരിഞ്ഞത്.

വലിയ ഉള്ളി/ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്.

മുളകുപൊടി - കുറച്ച് - കാൽ ടീസ്പൂൺ പോലും വേണ്ട.

മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.

പാചകയെണ്ണ - സൺഫ്ലവർ എണ്ണയാണ് നല്ലത്.

ആദ്യം എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പച്ചമുളക് വഴറ്റുക. അതിലേക്ക് ചതച്ചുവെച്ച മസാല ഇടുക. തീ വളരെക്കുറച്ച് വയ്ക്കണം. കറിക്കാവശ്യമുള്ള ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി ഇടുക. വേവിച്ച ഉരുളക്കിഴങ്ങ് മുങ്ങാൻ വെള്ളം കണക്കാക്കി ഒഴിക്കുക. വെള്ളം തിളച്ചാൽ ഉരുളക്കിഴങ്ങ് ഇടുക. കുറച്ചുനേരം യോജിച്ചോട്ടെ. പിന്നെ പാലക്ക് അരച്ചത് ഒഴിക്കുക. അതിൽ വെള്ളം കുറച്ച് ഉണ്ടാവും. എല്ലാം കൂടെ ഒത്തുചേരുന്നതുവരെ തിളപ്പിക്കുക. വെള്ളവും വറ്റും. വെള്ളം നിങ്ങൾക്ക് വേണ്ടത്ര ആവുമ്പോൾ വാങ്ങിവയ്ക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാം. അല്ലെങ്കിൽ പത്തിരിയോ പൂരിയോ പൊറോട്ടയോ ഒക്കെ ആവാം.

ചതച്ച മസാല ഒഴിവാക്കി, മുളകുപൊടി ഒഴിവാക്കി, ഗരം‌മസാല ഇടാം. പക്ഷേ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഇടണം. തക്കാളിയിട്ടും ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് നല്ലോണം വേവണം. എന്നാലേ യോജിച്ച് നിൽക്കൂ.

No comments:

Post a Comment