കാളന്‍
കാളന്‍
സദ്യകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ കാളന്‍. മോരിന്റേയും, വെണ്ണ പോലെ അരച്ച നാളികേരത്തിന്റേയും, വേവിച്ച കഷ്ണങ്ങളുടേയും ആനുപാതികമായ ചേര്‍ച്ചയില്‍ ഉണ്ടാകുന്ന വിഭവമാണ് കാളന്‍. പാലും മോരും ധാരാളം ഉണ്ടായിരുന്നതുകൊണ്ടാവാം പണ്ടുമുതലേ ഞങ്ങളുടെ അടുക്കളത്തളത്തില്‍ കാളന് പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്. സദ്യകള്‍ക്ക് വിളമ്പുന്ന കാളന്‍ പൊതുവേ കട്ടിയുള്ള കുറുക്കുകാളനാണെങ്കില്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്നത് കുഴമ്പുപരുവത്തിലുള്ളതാണ്. കാളന്‍ ഉണ്ടാക്കുന്നത് സമയവും അധ്വാനവും ഏറെ ആവശ്യമുള്ള ഒരു സംഭവം തന്നെയായിരുന്നു. സാധാരണ കൂട്ടാനുകളേക്കാള്‍ തേങ്ങ കൂടുതല്‍ വേണം കാളന്.തേങ്ങയുടെ അളവിലോ, അരവിന്റെ പരുവത്തിലോ ഒരു വിട്ടുവീഴ്ചയ്ക്കും അമ്മാവന്‍ തയ്യാറാവാത്തതുകൊണ്ട് ഈ തേങ്ങയത്രയും ചിരകി അമ്മിയില്‍ അരച്ചെടുക്കുകയന്നത് തന്നെ വലിയൊരു പണിയാണ്. തേങ്ങയരയ്ക്കല്‍ മഹാമഹത്തിന് ഞങ്ങള്‍ കുട്ടികളും കൂടാറുണ്ട്. “അണ്ണാറക്കണ്ണനും തന്നാലാവത്”എന്നു പറഞ്ഞപോലെ(വെറുതേയാണോ അന്നത്തെ കാലത്ത് എന്തു കഴിച്ചാലും “സ്ലിം ബ്യൂട്ടി” ആയിരുന്നതും ഇന്ന് ഉണക്കപ്പാള വെള്ളത്തിലിട്ട് കുതര്‍ത്തിയ പരുവത്തിലിരിക്കുന്നതും..?!!).ഉണ്ടാക്കാനുള്ള സമയക്കൂടുതല്‍ കൊണ്ടും,ഒരു ദിവസം പഴകിയാല്‍ രുചി കൂടും എന്നതുകൊണ്ടുമാവാം വീട്ടില്‍ കാളന്‍ തലേദിവസം വൈകുന്നേരം തന്നെ ഉണ്ടാക്കിവയ്ക്കും.
അതെല്ലാം അന്ത കഥ. നമുക്ക് തല്‍ക്കാലം എളുപ്പത്തില്‍ ഒരു കാളനുണ്ടാക്കാം.
അവശ്യമുള്ള സാധനങ്ങള്‍:
നേന്ത്രക്കായ : 1 വലുത്
ചേന : ഏതാണ്ട് നേന്ത്രക്കായയുടെ അത്രയും തൂക്കമുള്ള കഷ്ണം.(കുറച്ചു കൂടിയാലും
കുറഞ്ഞാലും കുഴപ്പമൊന്നുമില്ലെന്നേ)
തേങ്ങ ചിരകിയത് :1നല്ല പുളിയുള്ള മോര്/തൈര് : 1 ലിറ്റര്‍(ഒരു ഏകദേശ കണക്കാണ് മോരിന്റെ പുളിപ്പിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൃത്യമായ കണക്കെഴുതാന്‍ അറിയില്ല.)
(തൈര് കലക്കി വെണ്ണ മാറ്റിയ മോരാണ് വേണ്ടത്. ഇല്ലെങ്കില്‍ തല്‍ക്കാലം തൈര് ഉടച്ചെടുത്താലും മതി).
മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് : ആവശ്യത്തിന്
ജീരകം : 1-2 സ്പൂണ്‍
പച്ചമുളക് : 4-5
ഉലുവാപ്പൊടി : 1 സ്പൂണ്‍
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
ഉണ്ടാക്കുന്ന വിധം:
ചേന കുറച്ചു വലുപ്പത്തിലും കായ തൊണ്ടു കളഞ്ഞ് രണ്ടാക്കിയും നുറുക്കുക.
മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വെള്ളം ഒഴിച്ച് വേവിയ്ക്കുക.കുക്കറിലും വേവിയ്ക്കാം.പക്ഷെ നേരിട്ട് വേവിയ്ക്കന്നതാണ് സ്വാദ്.വേവിച്ച് വെള്ളം നന്നായി വറ്റിച്ചെടുക്കുക.അടിയില്‍ പിടിയ്ക്കാതെ ശ്രദ്ധിയ്ക്കണം. ഇതിടയില്‍ തേങ്ങയും ജീരകവും നന്നായി അരച്ചെടുത്തത് റെഡിയാക്കി വയ്ക്കണം. ഒട്ടും വെള്ളം ചേര്‍ക്കാതെയാണ് തേങ്ങ അരയ്ക്കേണ്ടത്. മിക്സിയില്‍ ഇത് സാദ്ധ്യമല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്ന ഒരു സൂത്രപ്പണി ഉണ്ട്. വെള്ളത്തിനുപകരം മോരില്‍ നിന്ന് കുറച്ച് ചേര്‍ത്ത് അരയ്ക്കുക.
കഷ്ണങ്ങളിലെ വെള്ളം വറ്റിയാല്‍ തീ കുറച്ച്, മോര് ഒഴിച്ച് നന്നായി ഇളക്കുക. ഈ ഘട്ടത്തില്‍ എരിവും പുളിയും ഉപ്പും പാകത്തിനാണോ എന്നു നോക്കി ക്രമീകരിക്കുക. പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ഇട്ട് ചെറുതീയില്‍ കുറച്ചുനേരം അനക്കാതെ വയ്ക്കുക.മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക.തിളയ്ക്കരുത്.
പിന്നെ അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക.
വെളിച്ചെണ്ണയില്‍ കടുകും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് അറിയശേഷം ഉലുവാപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. കാളന്‍ ചൂടോടെ കഴിയ്ക്കരുത്. നന്നായി തണുത്താലാണ് സ്വാദ്.
കുറിപ്പ്: മോര് പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങാതെ കുറച്ചുനേരം തിളപ്പിച്ച് കുറുക്കിയെടുത്ത് വാങ്ങി തേങ്ങ ചേര്‍ത്താല്‍ കുറുക്കുകാളനായി.
No comments:
Post a Comment