Sunday, 14 July 2013

മുട്ട മാല - നാടന്‍ രീതിയില്‍

മുട്ട മാല - നാടന്‍ രീതിയില്‍ 

ഒരു ചിരട്ട എടുത്ത് വൃത്തിയാക്കി ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക. ദ്വാരം ഏകദേശം ഇടിയപ്പത്തിന്റെ അച്ചിനേക്കാളും കുറച്ച് വലുതാവണം. ദ്വാരം അധികം വലുതായാല്‍ മുട്ടമാല കാണാന്‍ ഭംഗിയുണ്ടാവില്ല. അര കിലോഗ്രാം പഞ്ചസാര ഒരു ചെറിയ ഉരുളിയിലിട്ട് മുട്ടയുടെ കുറച്ച് വെള്ള ചേര്‍ത്ത് (ഇത് പഞ്ചസാരയുടെ അഴക്കു കളയാന്‍ വേണ്ടിയാണ്) കൈകൊണ്ട് നന്നായി തേച്ച് രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് തിളപ്പിക്കുക. തിളച്ചു പത പൊങ്ങി വരുമ്പോള്‍ പതയെല്ലാം എടുത്തുമാറ്റണം. വീണ്ടും തിളച്ചുവരുമ്പോള്‍ പത മാറ്റിക്കൊണ്ടിരിക്കണം. അഴുക്കെല്ലാം എടുത്ത് പാവ് തെളിഞ്ഞ ശേഷം ഉരുക്കി ഇളക്കിവെച്ച് പഞ്ചസാരപ്പാവ് തുണിയില്‍ അരിച്ചെടുക്കുക. ഉരുളി കഴുകി വീണ്ടും പാവ് അതില്‍ ഒഴിച്ച് തിളപ്പിക്കുക. പാവ് ഏകദേശം നൂല്‍പാകമാവുമ്പോള്‍ ദ്വാരമുണ്ടാക്കിയ ചിരട്ടയില്‍ ദ്വാരത്തിനു കീഴെ വിരല്‍വെച്ച് മുട്ടയുടെ ഉണ്ണി ഒഴിച്ച്, തിളയ്ക്കുന്ന പാവിലേക്ക് വട്ടത്തില്‍ മാലപോലെ നിര്‍ത്താതെ ചുറ്റിച്ച് ചിരട്ടയിലുള്ള ഉണ്ണി മുഴുവനും തീരുന്നതുവരെ ഇങ്ങനെ ചെയ്യണം. തീര്‍ന്ന ശേഷം തീ കുരച്ച് പാവില്‍ അല്പം വെള്ളം കുടയുക. അപ്പോഴേയ്ക്കും മുട്ടമാല വെന്തു കാണും. വെന്ത മുട്ടമാല കണ്ണി പൊട്ടാതെ വളരെ സൂക്ഷിച്ച് അരിപ്പകൈയിലുകൊണ്ട് കോരിയെടുത്ത് ഒരു വലിയ പ്ലേറ്റില്‍ വച്ച് പ്ലേറ്റ് അല്‍പം ചെരിച്ചുവെയ്ക്കുക. അപ്പോള്‍ അധികമുള്ള പാവ് ഊര്‍ന്നുപോകും. മുട്ടമാല ഒരു മുള്ളുകൊണ്ടോ ഈര്‍ക്കില്‍ കഷണംകൊണ്ടോ വിടര്‍ത്തി മെല്ലെ കുടഞ്ഞിടുക.

No comments:

Post a Comment